തിരുവനന്തപുരം: പോലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് തിരികെതരാത്ത പക്ഷം ആശാപ്രവർത്തകർക്ക് കോണ്‍ഗ്രസിന്റെ ചെലവിൽ മൈക്ക് സെറ്റ് വാങ്ങി നൽകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിലെ ആശാപ്രവർത്തകരുടെ സമരപന്തൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാപ്രവർത്തകരുടെ മൈക്ക് എടുത്തുകൊണ്ടുപോയ പോലീസിനെതിരെ മോഷണത്തിന് കേസെടുക്കണം. ആശമാരുടെ വാക്കുകൾ ജനം കേൾക്കുന്നതിനെ സർക്കാർ എന്തിന് ഭയപ്പെടുന്നു. സംസ്ഥാനം കട്ടുമുടിക്കുന്ന മുഖ്യമന്ത്രിക്കും സർക്കാരിനും പാവപ്പെട്ട തൊഴിലാളികളുടെ രോദനം കേൾക്കാൻ മനസില്ല. കോടികൾ ചെലവഴിച്ച് മേളകൾ സംഘടിപ്പിക്കുന്ന സർക്കാരാണ് ആശാപ്രവർത്തകരുടെ ന്യായമായ ആവശ്യങ്ങൾ ചവിട്ടിമെതിക്കുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎൽഎ, ഭാരവാഹികളായ പാലോട് രവി, നെയ്യാറ്റിൻകര സനൽ, എം.എ വാഹിദ്, ബി.ആർ.എം ഷഫീർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.